പേജുകള്‍‌

2014, ഫെബ്രുവരി 11

KSRTCയുടെ നുണപ്രചരണം

എന്റെ നാട്ടിലെ യാത്രാപ്രശ്നത്തെ കുറിച്ച് കഴിഞ്ഞ ബ്ലോഗിൽ ഞാൻ പറഞ്ഞിരുന്നല്ലൊ. ഇത്തവണയും സമാനമായ ഒരു വിഷയം തന്നെ അവതരിപ്പിക്കുന്നു. വൈപ്പിൻ നിവാസികൾക്ക് ഏറെ പ്രതീക്ഷ നൽകിയ ഒന്നായിരുന്നു 22 തിരു-കൊച്ചി ബസ്സുകൾക്ക് ഗോശ്രീപാലങ്ങൾ വഴി സർവ്വീസ് നടത്തുന്നതിന് എറണാകുളം ആർ ടി എ നൽകിയ പെർമിറ്റുകൾ സാധുവാക്കിക്കൊണ്ട് ബഹുമാനപ്പെട്ട് കേരള ഹൈക്കോടതി 2013 മാർച്ച മാസത്തിൽ പുറപ്പെടുവിച്ച വിധിന്യായം. ഇതനുസരിച്ച് 22 ബസ്സുകളിൽ 20 ബസ്സുകൾ സർവ്വീസ് നടത്തുന്നതായി 27/08/2013-ൽ ചീഫ് ട്രാഫിക് മാനേജർ ഇൻ ചാർജ്ജ് നൽകിയ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി ഇവിടെ  കെ എസ് ആർ ടി സി നടത്തുന്ന സർവ്വീസുകളിൽ ഗണ്യമായ കുറവുണ്ട്. ഇതിന്റെ കാരണം പല രീതിയിലും അന്വേഷിച്ചു വരുന്നതിനിടയിലാണ് താഴെക്കാണുന്ന പത്രവാർത്ത ശ്രദ്ധയിൽ‌പ്പെട്ടത്.
2013ജനുവരി 16ന് മംഗളം ഓൺലൈനിൽ വന്ന വാർത്ത. സമാനമായ വാർത്ത മറ്റ് പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
പലപ്പോഴും എട്ട് മണിയ്ക്ക് ശേഷം എറണാകുളം ഹൈക്കോടതി ജങ്ഷനിൽ നിന്നും യാത്രചെയ്യുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഈ വാർത്തയിൽ പരാമർശിക്കുന്ന തരത്തിലുള്ള സാമൂഹ്യവിരുദ്ധശല്യം ഒരിക്കലും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അതിനാൽ തന്നെ ഈ വാർത്ത ഷെയർ ചെയ്യപ്പെട്ട ഓൺലൈൻ വേദികളിൽ ഇത് കളവാണെന്ന് ഞാൻ തർക്കിച്ചു. എന്നാലും ഇതിന്റെ നിജസ്ഥിതി അറിയുന്നതിനായി വിവരാവകാശനിയമപ്രകാരമുള്ള ഒരു അപേക്ഷ 29/01/2014-ൽ ഞാൻ എറണാകുളം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക് സമർപ്പിച്ചു. അതിനുള്ള മറുപടി ഇന്ന്  തപാലിൽ ലഭിക്കുകയും ചെയ്തു. എന്റെ ചോദ്യങ്ങളും അതിനുള്ള മറുപടിയും ചുവടെ ചേർക്കുന്നു.
ചോദ്യം 1) മദ്യപന്മാർ സാമൂഹ്യവിരുദ്ധർ എന്നിവർ നിമിത്തം ഗോശ്രീപാലങ്ങൾ വഴി വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാനപാതയിലൂടെയുള്ള രാത്രികാലങ്ങളിലെ കെ എസ് ആർ ടി സി സർവ്വീസുകൾ തുടർന്നുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം നിലവിൽ ഉണ്ടോ?
ഉത്തരം: ഇല്ല

ചോദ്യം 2) മേല്പറഞ്ഞ കാരണം മൂലം ഏതെങ്കിലും സർവ്വീസുകൾ താൽകാലികമായോ സ്ഥിരമായോ റദ്ദാക്കപ്പെട്ടിട്ടുണ്ടോ?
ഉത്തരം: ഇല്ല

ചോദ്യം 3) സർവ്വീസുകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിന് കെ എസ് ആർ ടി സി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാം?
ഉത്തരം: സർവ്വീസുകൾ കൃത്യമായി അയക്കുന്നുണ്ട്
29/01/2014-ൽ ഞാൻ സമർപ്പിച്ച അപേക്ഷ

പ്രസ്തുത അപേക്ഷയിൽ എനിക്ക് ലഭിച്ച മറുപടി
അങ്ങനെയെങ്കിൽ മേല്പറഞ്ഞ വാർത്തയുടെ വാസ്തവം എന്താണ്. കെ എസ് ആർ ടി സി സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. 2013 മാർച്ച് മാസത്തിൽ ഹൈക്കോടതി ഉത്തരവിലൂടെ നേടിയെടുത്ത പെർമിറ്റുകളിൽ 20 ബസ്സുകൾ സർവ്വീസ് നടത്തുന്നു എന്നാണ് 27/08/2013-ൽ എനിക്ക് ലഭിച്ച മറുപടി. എന്നാൽ ഇപ്പോൾ ഈ ബസ്സുകളുടെ എണ്ണം 11 ആയി കുറഞ്ഞിട്ടുണ്ടെന്ന് ഏറ്റവും പുതിയ മറുപടിയിൽ (റ്റി/78/14/എറണാകുളം, 05/02/2014) വ്യക്തമാക്കുന്നു. നിലവിൽ രാത്രി 8 മണിയ്ക്ക് ശേഷം ഹൈക്കോടതി ജങ്ഷനിൽ നിന്നും കെ എസ് ആർ ടി സി ബസ്സുകൾ ഒന്നും തന്നെ ഗോശ്രീപാലങ്ങൾ വഴി സർവ്വീസ് നടത്തുന്നില്ല. രാത്രി 10 മണിയ്ക്ക് ഒരു ബസ്സ് ഉണ്ടെന്ന് പലരും പറയുന്നുണ്ട്. 01/10/2014 രാത്രി 8നും 8:45നും ഇടയിൽ 4 ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നു. ഈ സർവ്വീസുകൾ നിറുത്തലാക്കിയതിന്റെ കാരണം വ്യക്തമാക്കേണ്ട ഉത്തരവാദിത്വം കെ എസ് ആർ ടി സിയ്ക്ക് ഉണ്ട്. അത് വ്യക്തമാക്കുകയാണ് ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നതിനു പകരം കെ എസ് ആർ ടി സി ചെയ്യേണ്ടത്. ഏറ്റെടുത്ത സർവ്വീസുകൾ നടത്താൻ കെ എസ് ആർ ടി സിയ്ക്ക് സാധിക്കുന്നില്ലെങ്കിൽ പെർമിറ്റുകൾ സറണ്ടർചെയ്യണം. പകരം തയ്യാറുള്ളവർക്ക് സർവ്വീസ് നടത്താനുള്ള അനുവാദം ബന്ധപ്പെട്ട അധികാരികൾ നൽകുകയും വേണം.